ഭാഗം ഒന്ന്: ബോട്ട് ജെട്ടി
ലൂക്കിയുടെ കല്ല്യാണച്ചടങ്ങുകൾ കഴിഞ്ഞു കുറച്ച് നേരം പള്ളി മുറ്റത്ത് കാർ ഓടിച്ചു കളിച്ചിട്ട് നമ്മൾ ആലപ്പുഴ ചുറ്റാൻ ഇറങ്ങി. ഹൗസ് ബോട്ട് കാണണം. പറ്റുമെങ്കിൽ കയറി നോക്കണം. ആദ്യം വഴിയിൽ കണ്ട മാമനോട് ചോദിച്ചു ബോട്ട് ഒക്കെ ഉള്ള സ്ഥലം എവിടെയാണ് എന്ന്. മാമൻ പറഞ്ഞു ഒരു അഞ്ചു മിനിറ്റ് കിഴക്കോട്ടു പോയിട്ട് പിന്നെ പടിഞ്ഞാറോട്ട് തിരിഞ്ഞിട്ട് തെക്കോട്ട് പോകാൻ. എന്നിട്ട് അങ്ങേര് പോയി. കാർ ഉടമ ആയ അനീഷ തിരിഞ്ഞു നമ്മളോട് ചോദിച്ചു കിഴക്ക് എങ്ങോട്ട് ആണെന്ന്. കായംകുളത്തുള്ള സഹോദരൻ ലൂലനെ വിളിച്ചു ചോദിച്ചാലോ എന്ന് ശ്രേയ അഭിപ്രായം പറഞ്ഞു. പറ്റ്നയിൽ ഇരിക്കുന്ന ശ്രേയയുടെ അച്ഛൻ ഒന്ന് തുമ്മി. ദൂരെ ആരോ തന്നെ പറ്റി എന്തോ പറയുന്നുണ്ട് എന്ന് കരുതിയിരിക്കണം.
പിന്നെയും ആരോടൊക്കെയോ വഴി ചോദിച്ചു. എല്ലാവരും കുറെ തെക്കും വടക്കും പറഞ്ഞു. അവസാനം ഒരു അമ്മച്ചിയോട് കിഴക്ക് എവിടെ ആണെന്ന് അറിയില്ലാത്ത സത്യാവസ്ഥ പറഞ്ഞിട്ട് ചോദിച്ചു ഇടതും വലതും ഉപയോഗിച്ച് വഴി പറഞ്ഞു തരാൻ. അവർ ഒരു പുച്ഛ ഭാവത്തോടെ വഴി പറഞ്ഞു മനസ്സിലാക്കിത്തന്നു.
നമ്മൾ കായൽ കരയിൽ പോയി ബോട്ട് ഒക്കെ കണ്ടു. കൊള്ളാം. നല്ല ഭംഗിയുണ്ട്. റേറ്റ് ചോദിച്ചു. എന്നിട്ട് നല്ലത് വരട്ടെ എന്ന് ബോട്ടുകാർക്ക് മംഗളം നേർന്ന് ബോട്ടിന്റെ മുൻപിൽ നിന്ന് പടം പിടിച്ചിട്ട് നമ്മൾ തിരിച്ചു.
ദേശീയപാതയിലൂടെ മടക്ക യാത്ര തുടങ്ങി. ഇടയ്ക്ക് ഓരോ പാലം കാണുമ്പോഴും ഞാൻ ചോദിക്കും, ‘ ഇത് നീണ്ടകര പാലം ആണോ?’
ഇനി ഒരു തവണ കൂടി ചോദിച്ചാൽ എന്നെ ചവിട്ടി പുറത്ത് ഇടാൻ അനീഷ എന്റെ കൂടെ ബാക്ക്സീറ്റിൽ ഇരിക്കുന്ന ഇന്ദുവിനു നിർദ്ദേശം കൊടുത്തു.
ചെറിയ ചാറ്റൽ മഴ തുടങ്ങി. ചുറ്റും നല്ല പച്ചപ്പ്. അനീഷ തമിഴ് പാട്ടിട്ടു. മന്നിപ്പായ. മുൻപിൽ ഇരുന്ന് ശ്രേയ, ‘എന്റെ ചക്കരേ ഹൊയി ഹൊയി’, എന്ന് അനീഷയോടു പറഞ്ഞു.
‘ഇനി നമ്മൾ എങ്ങോട്ടാണ്?’, ഇന്ദു എന്നോട് ചോദിച്ചു.
‘തെക്കോട്ട്.’
പെട്ടെന്ന് വലതു വശത്തുകൂടി ചുവന്ന നിറത്തിൽ എന്തോ ഒന്ന് പാഞ്ഞു പോയി.
ഭാഗം രണ്ട്: മൊട്ട
ചക്രവാളത്തിലോട്ടു ഒരു ചുവന്ന മാരുതി സ്വിഫ്റ്റ് മറയുന്നത് കണ്ടു. അനീഷ മുഖത്തെ ശാന്തഭാവം വിടാതെ, ഒരു മന്ദഹാസത്തോടെ ചവിട്ടി വിട്ടു. മന്നിപ്പായ പാട്ട് തന്നെയാണ് ഇപ്പോഴും. കുറച്ചു നിമിഷങ്ങൾക്കകം നമ്മൾ ചുവന്ന സ്വിഫ്റിനെ മറികടന്നു. കടന്നു പോകുന്ന വഴി നമ്മൾ എല്ലാവരും വണ്ടി ഓടിക്കുന്ന മനുഷ്യനെ നോക്കി ചെറഞ്ഞു. ഒരു കൂറ്റൻ മൊട്ട ചേട്ടൻ ഡ്രൈവർ സീറ്റിൽ നിറഞ്ഞ് ഇരിക്കുന്നു. അങ്ങേരു നമ്മളെ തിരിച്ചു നോക്കി പുച്ഛിച്ചു. ആ കാറിലും മൂന്ന് ശിങ്കിടികൾ ഉണ്ട്.
അനീഷ ഓടിക്കുന്നത് ഒരു കറുത്ത സാൻട്രോ ക്സിങ്ങ് ആണ്. കോളേജിൽ വച്ച് അത് പല പേരുകളിൽ അറിയപ്പെട്ടിരുന്നു. ബ്ലാക്ക് ഹോൾ. അകത്തോട്ടു പോയതൊന്നും പിന്നെ പുറത്തോട്ടു ആരും കണ്ടിട്ടില്ല. യൂണിയൻ വണ്ടി. നമ്മൾ സ്റ്റുടന്റ്സ് യൂണിയൻ ഭാരവാഹികൾ അതിൽ കയറിയാണ് പൂജപ്പുര പോലീസ് സ്റ്റേഷൻ, ചാല മാർക്കറ്റ്, പാളയം മാർക്കറ്റ്, കോവളം ബീച്, ചിത്തിര ജ്യൂസ് കട തുടങ്ങിയ സ്ഥലങ്ങളിൽ ഒഫീഷ്യൽ ഡ്യൂട്ടിക്ക് പോയിരുന്നത്. ജോലിക്ക് കയറിയ ശേഷവും ഈ സ്ഥലങ്ങൾ ഒക്കെ സന്ദർശിക്കുന്നത് ഈ വണ്ടിയിൽ തന്നെ.
നമ്മൾ ഹൈവേയിലൂടെ തുടർന്നു. ചാറ്റൽ മഴ. സുഖം. ശാന്തി. സമാധാനം.
പെട്ടെന്ന് ഇടത് വശത്തൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചുവന്ന സ്വിഫ്റ്റ് പാഞ്ഞു പോയി. സാൻട്രോ ഒന്ന് ആടിയുലഞ്ഞതായി തോന്നി. സംഭവിച്ചതിന്റെ അവിശ്വസനീയതയിൽ അനീഷയുടെ വായിൽ നിന്ന് മ പു ത അക്ഷരമാലകൾ പൊടിഞ്ഞു.
മന്നിപ്പായ നിർത്തി. ഷീല കീ ജവാനിയിലോട്ടു കടന്നു. അനീഷ പറപ്പിച്ചു. ഇടയ്ക്കിടെ നമ്മൾ മുന്നിൽ കയറും. ഇടയ്ക്കിടെ മൊട്ട ചേട്ടൻ മുന്നിൽ കയറും. കുറച്ച് നേരവും ദൂരവും ഇത് തുടർന്നു. അല്പം സമാധാനം കിട്ടിയപ്പോൾ അനീഷ മത്സരത്തിൽ നിന്നും പിൻവാങ്ങി. കൊല്ലം അടുക്കാറായി. റോഡിൻറെ സൈഡിൽ കാർ ഒതുക്കി മൊട്ട ചേട്ടൻ മൊട്ടത്തല വെള്ളം ഒഴിച്ച് കഴുകുന്നു. പോയ വഴിക്ക് ശ്രേയ തല പുറത്തിട്ട് അയാളെ നോക്കി ‘അയ്യട!’ എന്ന് വിളിച്ച്പറഞ്ഞു. പറ്റ്നയിലെ ശ്രേയയുടെ അച്ഛൻ വീണ്ടും തുമ്മി.
കൊല്ലത്ത് വച്ച് നമ്മൾ ഗതാഗതക്കുരുക്കിൽ കുരുങ്ങി കിടക്കുവാണ്. പെട്ടെന്ന് അനീഷ റിയർ വ്യൂ മിററിൽ നോക്കി പടച്ചോനെ വിളിച്ചു. കുരുങ്ങി കിടക്കുന്ന വാഹനങ്ങളുടെ ഇടയിലൂടെ പൊടി പറപ്പിച്ചു ചുവന്ന സ്വിഫ്റ്റ് മുന്നേറി വരുന്നു. നമ്മുടെ തൊട്ട് പിന്നിൽ വന്നു നിർത്തി. പതുക്കെ പതുക്കെ നമ്മൾ രണ്ട് കൂട്ടരും കൊല്ലം വിട്ടു. മൊട്ട ചേട്ടൻ വീണ്ടും പറത്തി എങ്ങോട്ടോ പോയി. കുറച്ച ദൂരം ചെന്നപ്പോൾ വീണ്ടും പതുക്കെ നമ്മുടെ മുന്നേ പോകുന്നു. ഇതെന്താ ഇത്ര പതുക്കെ പോകുന്നതെന്നും പറഞ്ഞു അനീഷ വേഗത്തിൽ മുൻപോട്ടു കടന്ന് കുറച്ചു നേരം പോയപ്പോഴാണ് കാര്യം മനസ്സിലാകുന്നത്. അറിയാതെ ഒരു സൈഡ് റോഡിലോട്ടാണ് നമ്മൾ പാഞ്ഞു കയറിയത്. വണ്ടി തിരച്ചു മെയിൻ റോഡിൽ കയറണം. ആകെ നാണക്കേടായി. ഞാൻ പറഞ്ഞു ഈ റോഡിലൂടെ മുൻപോട്ടു പോയാൽ തിരുവനന്തപുരം എത്തുമോ എന്ന് നോക്കാം. തിരഞ്ഞു പോകുന്നത് നമ്മുടെ അന്തസ്സിനു ചേർന്നതല്ല. കുമാരപുരത്ത് ഇരിക്കുന്ന എന്റെ അച്ഛൻ തുമ്മി. വണ്ടി തിരിച്ച് വിട്ടു.
പിന്നെ അങ്ങ് കഴക്കൂട്ടം എത്തുന്ന വരെ മത്സരം തുടർന്നു. ഒരിക്കൽ മൊട്ട ചേട്ടൻ ഇടയ്ക്ക് വീണ്ടും സ്ലോ ചെയ്തു. ഇതെന്തു മറിമായം എന്നും പറഞ്ഞു അനീഷ മുന്നോട്ട് എടുത്തപ്പോഴാണ് അത് കാണുന്നത്. ‘അയ്യോ! സ്പീഡ് ഗണ്‍’. വേറൊരു തവണ മൊട്ട ചേട്ടൻ സൈഡ് എടുത്ത് നമ്മളെ ഒരു ടിവൈടെറിൽ കൊണ്ട് കയറ്റാൻ നോക്കി. അങ്ങനെ പല സംഭവങ്ങളും കഴിഞ്ഞു നമ്മൾ കഴക്കൂട്ടം എത്തി.
ഭാഗം മൂന്ന്: ഇന്ടിക്കേറ്റർ
രണ്ട് വഴികൾ ആണുള്ളത്. ഇടത്തോട്ടു പോയാൽ കാര്യവട്ടം ഉള്ളൂർ വഴി സിറ്റിയിൽ കയറാം. വലത്തോട്ടു പോയാൽ ബൈ പാസ്, ചാക്ക, ജനറൽ ഹോസ്പിടൽ… നമ്മൾക്ക് പോകേണ്ടത് ബൈ പാസ് വഴി ആണ്. എനിക്ക് പള്ളിമുക്കിൽ ഇറങ്ങണം. അവിടെ അച്ഛൻ വിളിക്കാൻ വരും. ഇപ്പോൾ നമ്മുടെ മുന്നിൽ ആയിരുന്ന മൊട്ട ചേട്ടൻ ഇടത്തോട്ടു ഇന്ടിക്കേറ്റർ ഇട്ടു. കഷ്ടം ആയി പോയി. ഞാൻ പറഞ്ഞു, ‘ അനീഷാ ഇടൂ ഇന്ടിക്കേറ്റർ വലത്തോട്ട് ഇപ്പോൾ ഈ നിമിഷം.’ അനീഷ ഇന്ടിക്കേറ്റർ ഇട്ടതും മൊട്ട ചേട്ടന്റെ ഇടത്തെ ഇന്ടിക്കേറ്റർ അണഞ്ഞു വലത്തെ ഇന്ടിക്കേറ്റർ കത്തി. കാറിൽ ഇരുന്ന എല്ലാരും എന്നെ നോക്കി ദഹിപ്പിച്ചു.
മൊട്ട ചേട്ടൻ ബൈ പാസ്സിലോട്ടു തിരിഞ്ഞു. നമ്മളും. സിറ്റി അടുത്തത് കൊണ്ട് ഇനി മത്സരം ശെരിയാകില്ല. മൊട്ട ചേട്ടൻ കൂടെ വന്ന് വീട്ടിൽ കയറി അടിക്കാൻ സാധ്യത ഉണ്ട്. ബൈ പാസ്സിൽ ആണ് നമ്മുടെ ഓഫീസ്. മൊട്ട ചേട്ടനെ മുൻപേ വിട്ടിട്ടു നമ്മൾ ഓഫീസിൽ കയറി കുറച്ചു സമയം കഴിച്ചുകൂട്ടിയിട്ട് തിരിച്ചു. ചാക്ക ജങ്ങ്ഷൻ എത്താറായി. പെട്ടെന്ന് സൈഡിൽ ഉള്ള ഒരു ട്രക്ക് ബേയിൽ ഒതുക്കി ഇട്ടിരുന്ന ചുവന്ന സ്വിഫ്റ്റ് ഇറങ്ങി നമ്മുടെ പിന്നാലെ കൂടി. ശ്രേയ ലൂലനെ വിളിച്ച് നമ്മൾ ചാകാൻ പോകുന്നു എന്ന് പറഞ്ഞു. സ്വിഫ്റ്റിന്റെ രെജിസ്ട്രേഷൻ നമ്പർ അയച്ച് കൊടുത്തു. നമ്മൾ ചത്താൽ ഇവർക്ക് എതിരെ കേസ് കൊടുക്കണം. ലൂലൻ നമ്മുടെ ബുദ്ധി വികാസത്തിനെ പുകഴ്ത്തി എന്തോ രണ്ട് വാക്ക് പറഞ്ഞു.
നമ്മൾ ചാക്കയിലോട്ടു തിരിഞ്ഞപ്പോൾ മൊട്ട ചേട്ടന്റെ മുൻപിൽ ഒരു ട്രക്ക് കയറി വഴി തടഞ്ഞു. ബ്ലോക്ക് ആയി. ആശ്വാസം. രക്ഷപെട്ടു എന്ന് കരുതി പേട്ട എത്തിയപ്പോൾ ചുവന്ന ട്രാഫിക് ലൈറ്റ്. മൊട്ട ചേട്ടൻ ഇപ്പോഴും പുറകിൽ ഇല്ല. ലൈറ്റ് മാറിയതും അനീഷ കത്തിച്ചു വിട്ടു. പള്ളിമുക്ക് എത്തി. ഡോർ തുറന്നു ഞാൻ വെടിയുണ്ട കൊണ്ട പന്നിയെ പോലെ ഇറങ്ങി ഓടി. ഒന്ന് തിരിഞ്ഞു നോക്കി. ചുവന്ന സ്വിഫ്റ്റ് കടന്ന് പോകുന്നു. എന്റെ കാറ്റ് പോയി.
അടുത്ത ദിവസ്സം ഓഫീസിൽ ചെന്ന് കഥയുടെ ബാക്കി കേട്ടു. സ്വിഫ്റിനെ കുടയാൻ വഴി ഇല്ല എന്ന് കണ്ട് അനീഷ ജനറൽ ഹോസ്പിടൽ പെട്രോൾ പംപിലോട്ടു കാർ കയറ്റി. മൊട്ട ചേട്ടനും കൂടെ കയറി. ചേട്ടൻ പെട്രോൾ അടിക്കാൻ തുടങ്ങിയതും അനീഷ വണ്ടി എടുത്ത് എസ്കേപ്പ് ആയി. പിന്നെ വിവരം ഒന്നും ഇല്ല. എല്ലാവരെയും വീട്ടിൽ വിട്ട് അനീഷയും വീട്ടിൽ പോയി.
ഒരു മാസത്തിനു ശേഷം അനീഷയും ശ്രേയയും ആ ചുവന്ന സ്വിഫ്റ്റ് വഴുതക്കാട് വച്ച് വീണ്ടും കണ്ടു. അവർ അടുത്തു കണ്ട ഓടയിൽ ചാടി ഒളിച്ചു എന്നാണ് പറയപ്പെടുന്നത്.
Good one
LikeLike
Thank you 🙂
LikeLike